തകർന്ന് തരിപ്പണമായി താമരക്കുളം
വടക്കാഞ്ചേരി: ഒരു കോടി രൂപ ചെലവഴിച്ച് തെക്കുംകര പഞ്ചായത്ത് നവീകരിച്ച കരുമത്ര താമരകുളം മാസങ്ങൾക്കുള്ളിൽ തകർന്ന് തരിപ്പണമായി. കൈവരികൾ ഇടിഞ്ഞും, കൽകെട്ടുകൾ തകർന്നും അതീവശോചനീയാവസ്ഥയിലാണ് കുളം. ഗുണനിലവാരം ഒട്ടുമില്ലാത്ത അസംസ്കൃത വസ്തുക്കളും, അശാസ്ത്രീയ നിർമാണവും, അഴിമതിയുമാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണമെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി.
പ്രവർത്തനത്തിലെ അശാസ്ത്രീയത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിർമാണ കാലഘട്ടത്തിൽ തന്നെ കരുമത്ര വടക്കേക്കര കോൺഗ്രസ് കമ്മിറ്റി രംഗത്തെത്തിയിരുന്നു. അന്ന് അഴിമതി ഇല്ലാതാക്കാൻ ഒരു നടപടിയും സ്വീകരിക്കാതിരുന്നതാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണമെന്ന് കുളം സന്ദർശിച്ച കോൺഗ്രസ് വടക്കാഞ്ചേരി ബ്ലോക്ക് ജനറൽ സെക്രട്ടറി കുട്ടൻ മച്ചാട് ആരോപിച്ചു.
രൂക്ഷമായ വേനലിൽ പോലും വറ്റാത്ത ജലസ്രോതസാണ് താമരകുളം. ഒട്ടേറെ കർഷകർക്ക് ഗുണപ്രദവുമാണ്. മുടക്കിയ ഒരു കോടി കരാറുകാരനിൽ നിന്നും, പഞ്ചായത്ത് ഭരണസമിതിയിൽ നിന്നും തിരിച്ച് പിടിക്കണം. നികുതി പണം കൊള്ളയടിച്ചവരെ മാതൃകാപരമായി ശിക്ഷിക്കണം. വിജിലൻസ് അന്വേഷണം നടത്തണമെന്നും കുട്ടൻ മച്ചാട് ആവശ്യപ്പെട്ടു.
വാർഡ് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ വിനോദ് മാടവന, എൻ എം വിനീഷ്, സന്തോഷ് എറക്കാട്ട്, ജെയിംസ് കുണ്ടുകുളം, എ.എ. ബഷീർ, സി.ഒ. അലോഷ്യസ്, എ.ബി. ആഷിക്ക്, എൻ.സി. അഖിൽ, കെ.ജെ. അജോൺ, എൻ.പി. ചാക്കുണ്ണി തുടങ്ങിയവർ കുളം സന്ദർശിക്കാനെത്തി യിരുന്നു.
ബിഎം ബിസി റോഡ് തകർന്നു
വടക്കാഞ്ചേരി: ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമിക്കുന്ന തെക്കുംകര-വടക്കാഞ്ചേരി റോഡ് നിർമാണംപൂർത്തിയാകുന്നതിനുമുന്നേ തകർന്നതിൽ നാട്ടുകാർ പ്രതിഷേധിച്ചു. പുന്നംപറമ്പ് മുതൽ വടക്കാഞ്ചേരിവരെയാണ് റോഡിന്റെ നിർമാണം നടക്കുന്നത്. അഞ്ചു കിലോമീറ്റർ ദൂരം വരുന്ന റോഡിന് അഞ്ചു കോടി 30 ലക്ഷം രൂപ ചെലവിലാണ് ബിഎം ആഡ് ബിസി നിലവാരത്തിൽ നിർമാണം നടക്കുന്നത്.
പുല്ലാനിക്കാട് മുതൽ തെക്കുംകര തിരുവാണിക്കാവ് ഭഗവതി ക്ഷേത്രപരിസരംവരെ റോഡിന്റെ നിർമാണത്തിൽ അപാകതകളൊന്നും ഇല്ലെന്നും, തെക്കുംകര മുതൽ പുന്നംപറമ്പ് വരെ നടന്ന പ്രദേശങ്ങളിലെ റോഡിന്റെ വളവുകളിലാണ് മെറ്റൽ പൊന്തി റോഡ് തകർന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇരുചക്ര വാഹനങ്ങൾ തെന്നി വീഴുന്നത് നിത്യ സംഭവമായി മാറിക്കഴിഞ്ഞു. ടാറിംഗ് മിക്സിംഗിൽ സംഭവിച്ച അപാകതയാണ് മെറ്റൽ പൊന്താൻ കാരണമെന്ന് പറയപ്പെടുന്നു. റോഡ് നിർമാണത്തിൽ ഉണ്ടായ അപാകതകളെ കുറിച്ച് ജില്ലാകളക്ടറെ കണ്ട് പരാതി നൽകാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.